Tuesday, June 22, 2010

അനുധാവനങ്ങളുടെ വഴിവക്കില്‍ - 2

വാതിലില്‍ മുട്ടിയിരുന്ന വിരലുകളോട് മറുപടി പറഞ്ഞ എന്റെ നിശബ്ദ വിപ്ലവത്തിന്റെ മേല്‍ ഒടുവിലത്തെ പ്രയോഗം നടന്നത് ഒരുച്ച മയക്കത്തിനു ശേഷമാണ്. ഉണര്‍ന്നെണീറ്റു മുഖം കഴുകാന്‍ കുളിമുറിയില്‍ കയറിയപ്പോള്‍ പ്രശ്നങ്ങളുടെയൊക്കെ തുടക്കക്കാരനെന്നു ഗണിക്കാവുന്ന എന്റെ എഴുത്തുപുസ്തകത്തിലെ കറുത്ത അക്ഷരങ്ങള്‍ കക്കൂസിലെ കലക്ക വെള്ളത്തില്‍ പോങ്ങിക്കിടന്നിരുന്നു... ഭിത്തിയിലെ മുട്ടന്‍ കണ്ണാടിയിലൂടെന്നെ നിരീക്ഷിക്കുകയായിരുന്ന അയാളുടെ വിരലുകള്‍ തന്റെ മടിയിലെ തടിയന്‍ പുസ്തകത്തില്‍ തിടുക്കമില്ലാതെ താളം കൊട്ടി കൊണ്ടിരുന്നു... പഴയ നാളുകളില്‍ എന്റെ അക്ഷര വട്ടങ്ങളിലേക്ക് കൌതുകപൂര്‍വ്വം തലയാഴ്ത്തിയിരുന്ന അയാളില്‍ നിന്നും തിരികെ നടക്കാനാവാത്ത എല്ലാ അതിര്‍ത്തികളും ഞാനാ ഒറ്റ നിമിഷത്തില്‍ കിതച്ചോടിക്കടന്നു...

ഓഫീസില്‍ നിന്നിറങ്ങി പതിവു നടത്തമുപേക്ഷിച്ച് ആദ്യം വന്നു നിന്ന ബസ്സില്‍ക്കയറി. ഓരോ സ്റ്റോപ്പില്‍ വണ്ടി നില്‍ക്കുമ്പോഴും മുന്നോട്ടു നീങ്ങി പിന്നോട്ടുവന്നിരിക്കുന്ന മീന്‍ചരുവങ്ങളുടെ നീക്കുപോക്കുകളാല്‍ യാത്രയ്ക്ക് ഒരു 'കരകര' ശബ്ദം പശ്ചാത്തലമായി. എല്ലാ കയറ്റിറക്കങ്ങളും ചെന്നു ചേരുന്നത് സമതലത്തിലേക്ക് എന്നത് പോലെ കാണപ്പെടുന്ന കടല്‍ തീരത്തിന്റെ വര്‍ണ്ണ ബാഹുല്യത്തെ ഒരു വിദൂരക്കാഴ്ചയിലൊതുക്കി ടാറിട്ട റോഡില്‍ നിന്ന് വേവാനാണ് തോന്നിയത്. കടല്‍ക്കാറ്റും താഴ്വരക്കാറ്റും ചാക്രികവാതവുമൊക്കെ വീശിയടിക്കുന്ന പത്താം ക്ലാസിലെ ഭൂമിശാസ്ത്ര പുസ്തകത്തിന്റെ പേജു നമ്പര്‍ മറക്കാത്ത താളുകളിലേക്ക് മുടിയിഴകളൊതുക്കി ഇറങ്ങി. അപരിചിതരെ നോക്കി ചിരിക്കുകയും പരിചിതരെ അറിയാത്ത പോലെ (ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഒറ്റയ്ക്ക് സംസാരിച്ചുകൊണ്ടു നടക്കുകയാണ്; എതിര്‍ കക്ഷി എന്തുതന്നെ വിചാരിച്ചാലും) പോവുകയും ചെയ്യുന്നതെന്താണെന്ന് എനിക്ക് ഇത് വരെ മനസിലായിട്ടില്ല. ഈര്‍പ്പം മാറാത്ത അടിയുടുപ്പ് പോലെ അസ്വസ്ഥത നല്‍കും ഇടയ്ക്കൊക്കെ വര്‍ത്തമാനങ്ങള്‍ എങ്കിലും അവയുടെ തണുപ്പിലേക്ക് തന്നെ നമ്മള്‍ ഉടലുകയറ്റിക്കൊണ്ടിരിക്കും...

രാത്രി 'ശനിയാഴ്ച്ചപ്പനി' പിടിച്ച (Saturday night's fever) റേഡിയോയ്ക്ക് വിശ്രമം കൊടുത്ത് ഉറങ്ങാന്‍ കിടന്നു. ജനാലയ്ക്കലിരുന്ന തുമ്പോടിഞ്ഞ പെന്‍സിലുകൊണ്ട് വെള്ള ഭിത്തിയില്‍ എഴുതി - കപ്പല്‍ച്ചൊരുക്കിന്റെ അബോധാവസ്ഥയിലേക്കു തന്നെയാണ് വീണ്ടും തുറമുഖം വിടുന്നത്. അക്ഷരങ്ങള്‍ ഒക്കെയും ഇരട്ടിച്ചിട്ടുണ്ടാവം... ഉറക്കത്തില്‍ പെന്‍സില്‍ താഴെ വീണ് മുനയേയില്ലാതായിക്കാണും...

ഒച്ചയുണ്ടാക്കാത്ത ഫോണിനെ കാതോട് ചേര്‍ത്തപ്പോള്‍ ഡയല്‍ ടോണിനു പകരം "അവള്‍ വന്നു"വെന്ന് മാത്രം കേട്ടു. ധൃതിയില്‍ വെയിലിലേക്കോടുമ്പോള്‍ ചുറ്റുപാടുകളില്ലായിരുന്നു. പെരറിയാമരക്കാടുകള്‍ക്കിടയില്‍ 'അവള്‍' കാണാതെ, അവളെക്കണ്ട് ഞാന്‍ നടന്നു. ഒരിക്കല്‍ മാത്രമേ 'അവള്‍' തിരിഞ്ഞു നോക്കിയുള്ളു. കണ്ണട അവ്യക്തമാക്കിയ കണ്ണുകളില്‍ എന്താണ് പൊതിഞ്ഞു വെച്ചിരിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. കഴുത്തൊപ്പം മുടിയുള്ള അവളുടെ മുന്‍നിരപ്പല്ലുകള്‍ക്കിടയില്‍ ഒരു ആമ്പല്‍പ്പൂ കോര്‍ക്കാന്‍ പാകത്തില്‍ വിടവുണ്ടായിരുന്നു... പൊടുന്നനെ അവളുടെ കടും തവിട്ടു് ഉടുപ്പിന്റെ ഇളക്കം ഇല്ലാതായി. നെഞ്ചില്‍ കാറ്റു കുടുങ്ങിയ മാതിരി... തിരികെയെത്തി ഇരുട്ടില്‍ താക്കൊല്‍പ്പഴുതു തപ്പിപ്പിടിച്ച്‌ വാതില്‍ തുറന്ന് വെട്ടമിട്ടപ്പോള്‍ മേല്ക്കൂരയിലൂര്‍ന്ന് ഞാന്‍! കഴുത്തില്‍ മാത്രം താങ്ങുമായി 'നില്‍ക്കുന്ന' ആ 'ഞാന്‍' മുമ്പൊരിക്കലും അറിഞ്ഞിട്ടില്ലാത്ത നോട്ടം കണ്ണില്‍ നിറച്ച് എന്നോട് ചോദിച്ചു - "അവളെ കണ്ടുവല്ലേ?" അത്ര മാത്രം... ഞെട്ടി എഴുന്നേറ്റ് നോവിന്റെ ഇല്ലാക്കട്ടിലില്‍ കണ്ണുമിഴിച്ച് കിടക്കുമ്പോഴോര്‍ത്തു - ഏറ്റവും മെല്ലെ ഒഴുകുന്ന കണ്ണീരിലാണ് നാം ഏറ്റവും ഭീകരമായി നമ്മെ അറിയുന്നത്...

No comments:

Post a Comment